പെണ്ണൊരുത്തി
നിശ്ചയദാർഢ്യമുള്ള കണ്ണുകളോടെ, നിറഞ്ഞ ചിരിയോടെ, ഊർജം ചിതറും പ്രസരിപ്പോടെ ജീവിതത്തെ പുണരുന്ന, ഞാൻ കണ്ട പെണ്ണൊരുത്തികളെല്ലാം നിഗൂഢാഗ്നിയിൽ സ്‌പുടം ചെയ്‌ത ഉരുക്കുശില്‌പങ്ങളത്രെ. ഇന്നലെയും കണ്ടൊരുത്തിയെ ഞാൻ. ഉൾകരുത്താൽ ജീവിതത്തിൽ പുതിയതലങ്ങൾ തേടുന്നൊരുന്നവളെ. തളരാൻ, തളർത്താൻ കാരണങ്ങൾ ഏറെ ഉണ്ടായിട്ടും തകരാൻ ഒരുക്കമല്ലാത്തൊരുവളെ.
സ്‌നേഹം , വാത്സല്യം, കരുണ, ദയ എന്നീ ആർ്രദഭാവങ്ങളെല്ലാം ഉദരത്തിൽ ഒരു നാമ്പുപേറിയ സ്ത്രീയിൽ പൂർണ്ണവളർച്ചയെത്തും. തെളിഞ്ഞ നീരൊഴുക്കിൽ അല്ലലില്ലാത്ത ഇളംകാറ്റിൽ തീരം പറ്റിയ നൗകയത്രെ ഒരു സാധാരണ സ്ത്രീയുടെ ജീവിതം. കൊടുങ്കാറ്റിൽ തീരാപേമാരിയിൽ പായറ്റുപോയിട്ടും തോൽക്കാതെ ദിശതെറ്റാതെ തീരമണഞ്ഞ കപ്പലിന് പറയാനുള്ളത് മറ്റൊരു കഥ. സാധാരണ ഭാവങ്ങളുടെ പൂർണ്ണതയ്ക്കപ്പുറം അസാധാരണ കരുത്തു സ്വായത്തമാക്കിയ കഥ .
ഇനി നിനക്ക് കരയാൻ അവകാശമില്ല. നീ കരയുന്നത് കാണാൻ എനിക്ക് ആശയില്ല. നൊമ്പരങ്ങളുടെ വേലിയേറ്റം മനസ്സിൽ ഉണ്ടായാലും ഉലയാതെ മുന്നേറാൻ നീ പ്രാപ്തയായി. നിന്നോടെനിക്ക് അനുകമ്പയല്ല. നിന്നെക്കുറിച്ചെനിക്ക് അഭിമാനം മാത്രം. മറ്റുള്ളവർ എന്തും ചിന്തിച്ചുകൊള്ളട്ടെ! നിന്നെയറിയാൻ മാത്രം അവർ വളർന്നില്ല.
നിന്റെ ശരികളിലൂടെ ഇനി നിന്റെ യാത്ര.
ജീവിതം എന്ന ഉത്സവം ആടിത്തിമിർത്തു നിന്റെ സ്‌നേഹം അർഹിക്കുന്നവർക്കായി നിന്റെ ജൈത്രയാത്ര
മീര മഹേശ്വരൻ
No comments:
Post a Comment
Note: Only a member of this blog may post a comment.